എങ്ങനെ അമേരിക്കയിൽ വൈൽഡ് ലൈഫിൽ ഉപരി പഠനം ചെയ്യാം

Jackin Jayaram

Contributed by:
Jackin Jayaram
1997 Batch, CoVAS, Mannuthy
https://www.facebook.com/jackin.jayaram.5

നാല്പതോളം പേര്, അമേരിക്കയിൽ വൈൽഡ് ലൈഫ് മെഡിസിൻ മേഖലയിൽ ഉപരിപഠന സാധ്യതകളെക്കുറിച്ച് എഴുതിച്ചോദിച്ചിരിക്കുന്നു. അവരിൽ ഫൈനൽ ഇയർ വിദ്യാർത്ഥികളും, പി ജി വിദ്യാർത്ഥികളും, ഫീൽഡ് വെറ്റുകളും ഒക്കെയുണ്ട്. അവരോടു ഈ ചോദ്യത്തിന് വ്യക്തമായും കൃത്യമായും ഉത്തരം കൊടുക്കുക എന്നത് മണ്ണുത്തി കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ എന്റെ ബാധ്യതയാണ്.

പൗരുഷത്തിന്റെയും നിഷേധത്തിന്റെയും പ്രൊഫഷണൽ ഗ്ലാമറിന്റെയും റെസ്‌പെക്റ്റിന്റെയും ഒക്കെ സിംബൽ ആയതു കൊണ്ടാണ് മിക്കപ്പോഴും, ‘വൈൽഡ് ലൈഫ് മെഡിസിൻ’ എന്ന മേഖല ഇങ്ങനെ ചെറുപ്പക്കാരുടെ മനസ്സിൽ ഒരു സ്വപ്നസ്വർഗ്ഗമായി വളർന്നു നിൽക്കുന്നത് . ഒരു സീനിയർ എന്ന നിലയിൽ നിങ്ങളുടെ കണ്ണിലെ ഈ പാട ഞാൻ നിർദ്ദാക്ഷണ്യം പറിച്ചു നീക്കട്ടെ. അമേരിക്കയിലും ക്യാനഡയിലും ഒന്നും വൈൽഡ് ലൈഫ് മെഡിസിൻ എന്നൊരു വല്യ മേഖലയൊന്നുമില്ല. വൈൽഡ് ലൈഫിൽ പ്രവർത്തിക്കുന്നവർ മിക്കവരും മൃഗശാലകളിലെ വെറ്ററിനേറിയന്മാരാണ് അല്ലെങ്കിൽ അവിടത്തെ ലാബിലെ ജീവനക്കാരാണ്. ചുരുക്കം ചിലർ ചില സന്നദ്ധസംഘടകളിൽ ജോലിയെടുക്കുന്നുണ്ട്. അവരിൽ മിക്കവരും മൃഗങ്ങളുടെ കൂടെയല്ല ജോലി ചെയ്യുന്നത്. ഫണ്ട് റെയ്സിങ്ങിലാണ്. അത് കൂടുതലും പേപ്പർ വർക്കാണ്. ചില യൂണിവേഴ്‌സിറ്റികളിൽ വൈൽഡ്ലൈഫ് മെഡിസിന്റെ കോഴ്സ് ഉണ്ട്. പക്ഷെ അത് ഒരു റെസിഡൻസി ആണ്. അമേരിക്കയിലും ക്യാനഡയിലും പരീക്ഷയെഴുതി, പ്രാക്ടീസ് ലൈസൻസ് വേണ്ട ഒരു ജോലിയാണ് റെസിഡൻസി. ചില യൂണിവേഴ്സിറ്റികളിൽ വന്യജീവികളുടെ രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ചുരുക്കം ചില പ്രൊഫസർമാരുണ്ട്. പൊതുവെ അവർക്കു ഫണ്ടിങ് കുറവാണ്. അഥവാ ഫണ്ടിങ് ഉണ്ടെങ്കിൽത്തന്നെ ഒരു വിദേശി വിദ്യാർത്ഥിയെ ലാബിലേക്ക് എടുക്കാനുള്ള സാധ്യതയും കുറവാണ്. എന്നാലും ഇ -മെയിൽ എഴുതി ചോദിക്കാൻ ഞാൻ സജസ്റ്റ് ചെയ്യും .. നിങ്ങൾ എപ്പോഴും ഓർത്തിരിക്കേണ്ട ഒരു പ്രമാണം – If you don’t ask, the answer will always be a ‘NO’. So keep on asking…

നിങ്ങളുടെ സ്വപ്നങ്ങളിൽ മണ്ണ് വാരിയിടാനല്ല ഞാൻ ഇത് പറഞ്ഞത്. യാഥാർഥ്യം എന്തെന്ന് വ്യക്തമാക്കാൻ ആണ്. നിങ്ങള്ക്ക് വന്യജീവി ശാസ്ത്രത്തിൽ ഉപരിപഠനത്തിന് പോകണം എന്നുണ്ടെങ്കിൽ ഇംഗ്ലണ്ടിൽ റോയൽ വെറ്ററിനറി കോളേജിന്റെ എം എസ് സി വൈൽഡ് ലൈഫ് കോഴ്സിന് ചേരുക. കുറച്ചു കാശ് ചിലവുള്ള ഏർപ്പാടാണ്. പക്ഷെ, ആ കോഴ്സ് കഴിഞ്ഞവർ പോലും, മിക്കവാറും മറ്റു മേഖലകളിൽ ആണ് ജോലി ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അമേരിക്കയിലേക്കോ ക്യാനഡയിലേക്കോ വരാൻ താല്പര്യമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം വന്യജീവി മെഡിസിൻ എന്ന മേഖല തത്‌കാലത്തേക്കു മറക്കുക എന്നതാണ്. പകരം വന്യജീവി ജീവിശാസ്ത്രത്തിന് ഏറ്റവും വേണ്ട ബേസിക് ഘടക ശാസ്ത്രങ്ങൾ – ഫിസിയോളജി, ഫാർമക്കോളജി, ബയോടെക്‌നോളജി, ജനറ്റിക്‌സ്, അനിമൽ സയൻസ്, മൈക്രോബയോളജി, പത്തോളജി, പാരാസൈറ്റോളജി തുടങ്ങിയവയിൽ ശ്രദ്ധിക്കുക എന്നതാണ്. ചുരുത്തിൽ പറഞ്ഞാൽ അമേരിക്കയിലേക്ക് വരാൻ ഏറ്റവും നല്ല മേഖല ബയോമെഡിക്കൽ സയൻസസും, അനിമൽ സയൻസസും ആണ്. കാരണം അമേരിക്കയിലെ ഏറ്റവും വല്യ രണ്ടു ഗ്രാന്റ് ഫണ്ടിങ് ഏജൻസികൾ – നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് (NIH), യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചർ (USDA) ഈ രണ്ടു മേഖലകളിലാണ് കൂടുതലും ഫണ്ട് കൊടുക്കുന്നത്. ഈ രണ്ടു ഏജൻസികളിൽ നിന്ന് ഫണ്ട് തരപ്പെടുത്തണം യൂണിവേഴ്സിറ്റി പ്രൊഫസർമാരുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഒരു കാര്യമാണ്.. ഫണ്ടിങ്ങില്ലാത്ത പ്രൊഫസർമാരെ യൂണിവേഴ്സിറ്റികൾ ചവിട്ടിപ്പുറത്താക്കും. നാല് പട്ടികൾക്ക് കൂടി ഒരെല്ലിൻകഷ്ണം കിട്ടുന്നത് പോലെ ഉള്ള ഒരു കടിപിടിയാണ് ഈ ഗ്രാൻഡ് ആപ്ലികേഷൻ പ്രോസസ്സ്.. ഗ്രാൻഡ് കിട്ടിയാൽ വല്യ ആഘോഷമൊക്കെയാണ്.. ഈ ഗ്രാന്റിൽ നിന്ന് വേണം ഗ്രാന്റ് കിട്ടിയ വിഷയത്തിലേക്കു വേണ്ട പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റ്കളെയും (പി എച് ഡി കഴിഞ്ഞവർ) ഗ്രാജുവേറ്റ് സ്റ്റുഡന്റസിനേയും, അഥവാ ഉപരിപഠനത്തിനുള്ള വിദ്യാർത്ഥികളെ തിരഞ്ഞു കണ്ടു പിടിക്കാൻ.. മിക്കപ്പോഴും ലാബിൽ തന്നെ ചില അണ്ടർഗ്രാഡ് വിദ്യാർത്ഥികൾ പ്രോജക്ടിന് വേണ്ടി ജോലി ചെയ്യുന്നുണ്ടാവും അവരെയാവും ആദ്യം ചേർക്കുക. പിന്നെയാണ് മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ ആരംഭിക്കുന്നത്.

GRE, TOEFL എന്നീ പരീക്ഷകളാണ് ആദ്യം എഴുതേണ്ടത് . ഉപരിപഠനത്തിനു വേണ്ട സ്‌കോറുകൾ ആണിവ.. സ്കോർ മിനിമം, മിക്ക യൂണിവേഴ്സിറ്റികളും അവരുടെ വെബ്‌സൈറ്റിൽ പറയാറുണ്ട്.. GRE മിനിമം score കടന്നു കിട്ടിയാൽ മാത്രം പോരാ ..കുറച്ചു കൂടി നന്നാവണം ..TOEFL മിനിമം score കടന്നു കിട്ടിയാൽ മതി..

മേജർ യൂണിവേഴ്സിറ്റികളിൽ എല്ലാം തന്നെ പി എച്ച് ഡി അഡ്മിഷന് റൊട്ടേഷൻ സമ്പ്രദായം ആരംഭിച്ചു കഴിഞ്ഞു. അവിടെ ആരെയെടുക്കണം എന്ന് തീരുമാനിക്കുന്നത് അഡ്മിഷൻ കമ്മിറ്റിയാണ്.. പ്രൊഫസർമാരല്ല. പി എച്ച് ഡി ആപ്പ്ലികേഷനുകളിൽ നിന്ന് നല്ലവരെ സെലക്റ്റ് ചെയ്ത ശേഷം അവരെ പല ലാബുകളിൽ മൂന്നു മാസത്തെ വീതം റൊട്ടേഷന് നിയോഗിക്കുന്നു .. മൂന്ന് റൊട്ടേഷനുകൾ പൂർത്തിയാകുമ്പോൾ വിദ്യാർത്ഥി തനിക്കു വേണ്ട ലാബ് സെലെക്റ്റ് ചെയ്യുന്നു. പ്രൊഫസർക്ക് നിങ്ങളെ ഇഷ്ടപെട്ടാൽ പോലും അഡ്മിഷൻ കമ്മിറ്റിയിൽ നല്ല പിടിപാടുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ആപ്പ്ലികേഷനെ സപ്പോർട്ട് ചെയ്യാൻ പറ്റൂ. ഇന്ത്യയിൽ നിന്ന് വന്നിട്ടുള്ള ചുരുക്കം വിദ്യാർത്ഥികളെ ഞാൻ ഈ പ്രോസസ്സിലൂടെ കടന്നു വന്നിട്ടുള്ളതായി അറിയൂ. സാധ്യതയുണ്ട്..പക്ഷെ കുറവാണ് .. ഒന്നും രണ്ടും സയന്റിഫിക് ആർട്ടിക്കിളുകളിൽ സെക്കൻഡ് ഓഥർ ഷിപ്പ്, പല സയന്റിഫിക് പോസ്റ്ററുകൾ – ഒക്കെയുള്ളവരോടാണ് മത്സരിക്കുന്നത്‌ എന്ന് ഓർക്കണം.

വെറ്ററിനറി മെഡിസിൻ ഡിഗ്രിയുള്ള മലയാളി വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ അമേരിക്കയിലേക്ക് വരുന്നത് മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ്.

1 ) ഇന്ത്യൻ (മലയാളി) പ്രൊഫസർമാരുടെ ലാബിലേക്ക് അവർ കേരളത്തിൽ നിന്ന് വിദ്യാർത്ഥികളെ പ്രൊമോട്ട് ചെയ്യാറുണ്ട് . അത് കൊണ്ട് ആദ്യം അവരെ കോൺടാക്റ്റ് ചെയ്യുക .

2 ) റൊട്ടേഷൻ സമ്പ്രദായം ഇപ്പോഴും നിലവിൽ വന്നിട്ടില്ലാത്ത യൂണിവേഴ്സിറ്റികളിലെ ബയോമെഡിക്കൽ സയൻസസ് പ്രോഗ്രാമിലും, അനിമൽ സയൻസസ് പ്രോഗ്രാമിലും വെറ്ററിനറി ഡിഗ്രിക്കാരെ എടുക്കാൻ പ്രൊഫസർമാർക്ക് താല്പര്യമുണ്ടാവും. ആരെയെടുക്കണം എന്ന് പ്രൊഫസർമാർ ആണ് തീരുമാനിക്കുന്നത്; അഡ്മിഷൻ കമ്മിറ്റിയല്ല . അങ്ങനെയുള്ള പ്രോഗ്രാമുകൾ തപ്പി കണ്ടു പിടിക്കുക . അതിലെ പ്രൊഫസർമാരുടെ വെബ് പേജ് നോക്കുക . അവരെ കോൺടാക്ട് ചെയ്‌താൽ സാധ്യത കൂടുതൽ ഉണ്ടാവും .

3 ) നേരത്തെ പറഞ്ഞ റൊട്ടേഷനില്ലാത്ത ഗ്രാജുവേറ്റ് പ്രോഗ്രാമിൽ നിന്ന് മാസ്റ്റേഴ്സ് എടുത്തശേഷം വലിയ യൂണിവേഴ്സിറ്റികളിൽ പി എച് ഡി ക്കു ചേർന്നവർ .

ഒന്നും നടന്നില്ലെങ്കിൽ വെറുതെ പ്രൊഫസർമാർക്കു എഴുതി നോക്കുക . ..If you don’t ask, the answer will always be a ‘NO’. So keep on asking…

അഡ്മിഷൻ കിട്ടാനുള്ള മാർഗ്ഗങ്ങൾ

അഡ്മിഷൻ കിട്ടാനുള്ള ഏറ്റവും വല്യ വേരിയബിൾ നിങ്ങളുടെ മാർക്കോ , ജി പി എ അക്കങ്ങളോ , ക്‌ളാസ് റാങ്കോ , സൗന്ദര്യമോ , ഒന്നുമല്ല .. ഭാഗ്യമാണ് .. SHEER LUCK MAKES YOU THE RIGHT PERSON, AT THE RIGHT TIME. നിങ്ങള്ക്ക് വെറ്ററിനറി ഡിഗ്രിയുണ്ടോ ..നിങ്ങൾക്ക് സാധ്യതയുണ്ട് ..ഏതു പ്രൊഫസറിന് എപ്പോഴാണ് ഫണ്ടിങ് കിട്ടുക എന്നൊന്നും അറിയാൻ ബുദ്ധിമുട്ടാണ്.

എപ്പോഴും ഓർത്തിരിക്കേണ്ട കാര്യം .If you don’t ask, the answer will always be a ‘NO’. So keep on asking…..അത് കൊണ്ട് ചോദിക്കുക ..ചോദിച്ചുകൊണ്ടേയിരിക്കുക ..ക്ഷമയാണ് ഏറ്റവും പ്രധാനപ്പെട്ട വികാരം ..

അഡ്മിഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ

CV – നിങ്ങളുടെ CV ആണ് നിങ്ങളുടെ പ്രധാനപ്പെട്ട ആയുധം . ഇപ്പോഴത്തെകാലത്ത് CV മാത്രം പോര. ഒരു LINKEDIN പ്രൊഫൈലും വേണം ചില മണ്ടത്തരങ്ങൾ അപ്പടി പിഴുതു മാറ്റട്ടെ : സി വി യുടെ ഫോർമാറ്റ് കാര്യമല്ല. അതിന്റെ ഭംഗി കാര്യമില്ല . അത് മുഴുവൻ ഗ്യാസ് കുത്തി നിറച്ചിട്ടു കാര്യമില്ല. കണ്ടന്റ് ആണ് കാര്യം ..മിക്ക പ്രൊഫസർമാരും ശ്രദ്ധിക്കുന്നത് രണ്ടു കാര്യങ്ങളാണ്
1 ) ടെക്നിക്കൽ സ്‌കിൽസ്
2 ) പബ്ലിക്കേഷൻസ്.
ഇത് കണ്ടില്ലെങ്കിൽ സിവി വെറും ഗ്യാസാണെന്ന് അറിയാനുള്ള ബുദ്ധിയൊക്കെ അവർക്കുണ്ട് ..

ടെക്നിക്കൽ സ്‌കിൽസ്

നിങ്ങൾ വെറ്ററിനറി മെഡിസിന്റെ ഏതു മേഖലയിൽ ഉള്ളവരാണെങ്കിലും ചില മോളിക്യൂലർ ബയോളജി സ്‌കിൽസ് ഉണ്ടാവുന്നത് നല്ലതാണ് ..
1 ) DNA /RNA Extraction
2 ) PCR / RT PCR
3 ) Cell Culture
4 ) Micropipetting
5 ) Western Blot
ഇതൊന്നും അത്യന്താപേക്ഷിതമല്ല. പക്ഷെ സി വി യിൽ ഉണ്ടെങ്കിൽ നല്ലതാണ്. കഴിയുമെങ്കിൽ ഒരു ലാബിൽ പോയി നിന്ന് ഈ സ്‌കിൽസ് പഠിക്കുക.. ഇതൊന്നും പാഴായ പരിശ്രമങ്ങൾ ആവില്ല .. മറ്റൊരു പ്രധാന കാര്യം.. സി വിയിൽ കള്ളം പറയരുത് .. ഒന്ന് കൂടി.. കള്ളം പറയരുത്.. ഒരു കാരണവശാലും ഇല്ലാത്ത കഴിവുകൾ ഉണ്ടെന്നു കാണിക്കരുത്.. കള്ളം പറഞ്ഞു ലാബിൽ കയറിപ്പറ്റിയിട്ടു അവസാനം ടെക്‌നിക്ക് ചെയ്യാൻ പറഞ്ഞപ്പോൾ മിഴിച്ചു നിന്ന ഒരുപാട് പേരുണ്ട്.. പെട്ടിയും കുടുക്കയും എടുത്ത് തിരിച്ചയച്ച പത്തുമുപ്പതു ഇന്ത്യൻ വിദ്യാർത്ഥികളുടെ കഥകൾ അമേരിക്കയിലെ ഗ്രാജുവേറ്റ് സ്റ്റുഡന്റ് ആയിരുന്ന ഓരോ മലയാളിയും പറയും.. ഇവിടെ ഏറ്റവും വല്യ കാര്യം സത്യസന്ധതയാണ്..

പബ്ലിക്കേഷൻസ്

എല്ലാവരും മുട്ടുമടക്കുന്ന ഒരു കാര്യം പബ്ലിക്കേഷനാണ്.. സത്യത്തിൽ നിങ്ങൾ ഇന്റർനാഷണൽ പബ്ലിക്കേഷൻ ഒന്നും ചെയ്യണ്ട .. പല പ്രൊഫസര്മാര്ക്കും സ്റുഡന്റ്സിൽ ആവശ്യം പബ്ലിഷ് ചെയ്യാനുള്ള ത്വരയുള്ളവരെയാണ് . അമേരിക്കയിലെ റിസർച്ച് മേഖലയെ കുറിച്ച് പറയുന്നത് തന്നെ പബ്ലിഷ് ഓർ പെരിഷ് (Publish or Perish) എന്നാണ്.. നിങ്ങളുടെ പരിമിതികൾ എല്ലാവര്ക്കും അറിയാം.. പക്ഷെ പ്രൊഫസർമാർ നോക്കുന്നത് മേൽപ്പറഞ്ഞ ടെക്‌നിക്കുകൾ നിങ്ങൾ ഒരു പബ്ലിക്കേഷനിൽ പ്രയോഗിച്ചിട്ടുണ്ടോ എന്നതാണ്.. നിങ്ങള്ക്ക് JIVA യിൽ പബ്ലിഷ് ചെയ്യാം.. പക്ഷെ നന്നായി എഴുതണം.. അതിൽ മേൽപ്പറഞ്ഞ ടെക്‌നിക്കുകൾ കഴിയുമെങ്കിൽ ഉപയോഗിക്കണം.. പബ്ലിക്കേഷന് ക്വാളിറ്റി വേണം.. പബ്ലിക്കേഷന് ഒറിജിനാലിറ്റി വേണം.. നോവെൽറ്റി വേണം. ആ പബ്ലിക്കേഷനിൽ നിങ്ങളെന്താണ് ചെയ്തത് (ഏതു technic) എന്ന് വ്യക്തമായി CV യിൽ ചേർക്കണം .
ഇതൊന്നും ഇല്ലെങ്കിലും സാരമില്ല ..ഞാൻ പറഞ്ഞല്ലോ ഭാഗ്യമാണ് പ്രധാനപ്പെട്ട കാര്യം..

പ്രൊഫസർമാർക്ക് കത്തുകൾ എഴുതുമ്പോൾ

അസിസ്റ്റന്റ് പ്രൊഫസർമാർക്കാണ് ഗ്രാൻഡ് ഉണ്ടാവാൻ കൂടുതൽ സാധ്യത. അവരായിരിക്കും സ്റുഡന്റ്സിനെ എടുക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നത്. എന്ന് വച്ച് അവർക്കു മാത്രമെഴുതരുത്. പ്രൊഫസർമാർക്കും അസ്സോസിയേറ്റ് പ്രൊഫസർമാർക്കും കൂടി എഴുതുക.. കാവിലെ ഉത്സവ കമ്മിറ്റി വിളംബര നോട്ടീസ് പോലെ ഒരേ കത്ത് കോപ്പി/ പേസ്റ്റ് അടിച്ചു പലർക്കയക്കരുത്.. അത് അപ്പൊ തന്നെ അവര് ഡിലീറ്റ് ചെയ്യും. പകരം കുറച്ചു കൂടി എഫർട്ട് ഇടുക.. ഒരു ദിവസം രണ്ടു പേർക്ക് അയക്കുക. കത്തയക്കുന്നതിനു മുൻപ് : ഏതു പ്രൊഫസറിനാണോ അയക്കുന്നത് അവരുടെ ‘റീസേർച്ച് ഇന്ററസ്റ്റ്’ എന്താണെന്ന് നോക്കുക. അവരുടെ രണ്ടു പേപ്പറെങ്കിലും വായിക്കുക. അതിൽ നിങ്ങൾക്കിഷ്ടമുള്ള പാർട്ട് ഏതെന്നു തിരിച്ചറിയുക. പേപ്പറിൽ പറഞ്ഞിരിക്കുന്ന മോളിക്യൂലർ ടെക്‌നിക്കുകൾ ഏതെന്നു പ്രേത്യേകം നോട്ട് ചെയ്യുക.. അത് എഴുത്തിൽ സൂചിപ്പിക്കുക.. നിങ്ങളുടെ പബ്ലിക്കേഷനുമായി മുള്ളിത്തെറിച്ച ബന്ധമെങ്കിലും ഉണ്ടെങ്കിൽ അതിനെകുറിച്ചെഴുതുക ..

എങ്ങനെയാകണം കത്തിന്റെ ഉള്ളടക്കം

ആദ്യം അഭിസംബോധന: പാശ്ചാത്യ രാജ്യങ്ങളിൽ പ്രൊഫസർമാരെ ഇന്ത്യയിലെപ്പോലെ ‘സാർ’ വിളിക്കില്ല . പകരം അവരുടെ ലാസ്റ്റ് നെയിം, ഡോക്ടർ ചേർത്ത് വിളിക്കുക എന്നതാണ് കാര്യം. ഉദാഹരണത്തിന് നമുക്ക് John Doe എന്ന പ്രൊഫസറിനെ നോക്കാം.. കത്ത് തുടങ്ങേണ്ടത് Dear Dr . Doe എന്നാണ് അല്ലാതെ റെസ്പെക്റ്റഡ് സർ എന്നല്ല ..

പാരഗ്രാഫ് 1 ) പരിചയപ്പെടുത്തൽ : സ്വയം പരിചയപ്പെടുത്തുക .

പാരഗ്രാഫ് 2 ) ആദ്യം അവരുടെ പേപ്പർ വായിച്ച കാര്യം പറയുക. വെറുതെ വായിച്ചു എന്ന് കള്ളം പറയാതെ വായിച്ച്‌ മനസിലാക്കിയിട്ടു എഴുതുക. വായിച്ചതിനു കാരണം നിങ്ങളുടെ ഇന്ററസ്റ്റ് ആണ് എന്ന് പറയുക.. അതിനു ബാക് അപ്പ് പറയാൻ സി വി യിൽ എന്തെകിലും ഉണ്ടെങ്കിൽ കുറച്ചു കൂടി നന്നാവും .

പാരഗ്രാഫ് 3 ) ഗ്രാജുവേറ്റ് സ്റ്റുഡന്റ് പൊസിഷൻ ഉണ്ടോ എന്ന് ചോദിക്കുക. നിങ്ങൾ എങ്ങനെ പുള്ളിയുടെ ലാബിൽ നല്ലൊരു ഫിറ്റായിരിക്കും എന്ന് പറയുക. അതിനു ബാക് അപ്പ് പറയാൻ സി വി യിൽ എന്തെകിലും ഉണ്ടെങ്കിൽ കുറച്ചു കൂടി നന്നാവും .

പാരഗ്രാഫ് 4 ) കത്ത് ചുരുക്കുക

ഒരു ഉദാഹരണം നോക്കുക . John Doe എന്ന പ്രൊഫറുടെ കാര്യമെടുക്കാം ..ആദ്യം പ്രൊഫസറുടെ വെബ് പേജ് നോക്കുക . എന്നിട്ടു പുള്ളിയുടെ റീസേർച്ച് ഇന്ററസ്റ്റ് മനസ്സിലാക്കുക . എന്നിട്ടു ലേറ്റസ്റ്റ് പേപ്പർ ഡൌൺലോഡ് ചെയ്തു വായിക്കുക . ലേറ്റസ്റ്റ് പേപ്പർ ഏതെന്നറിയാൻ പുള്ളീടെ പേര് Pubmed സൈറ്റിൽ സെർച്ച് ചെയ്യുക.
https://www.ncbi.nlm.nih.gov/pubmed/

എന്നിട്ടു ലേറ്റസ്റ്റ് പേപ്പർ എങ്ങനെയെങ്കിലും ഡൌൺലോഡ് ചെയ്തു വായിക്കുക . പ്രസ്തുത പ്രൊഫസറിന്റെ പേര് Last Author പേപ്പർ കിട്ടിയില്ലെങ്കിൽ ഫസ്റ്റ് Author പേപ്പർ നോക്കുക. അസിസ്റ്റന്റ് പ്രൊഫസർമാർക്കു മിക്കപ്പോഴും ഫസ്റ്റ് author പേപ്പർ ആയിരിക്കും ഉണ്ടാവുക. പേപ്പർ കിട്ടിയില്ലെങ്കിൽ വെറ്റിക്കോസിൽ ചോദിച്ചാൽ അമേരിക്കയിലുള്ളവർ ഡൌൺലോഡ് ചെയ്തു അയച്ചു തരും. Dr. John Doe യുടെ റിസേർച് ഇന്ററസ്റ്റ്, കോഴികൾക്ക് പ്ലാവില കൊടുത്താൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് എന്ന് വിചാരിക്കുക ..നിങ്ങള്ക്ക് പബ്‌മേടിൽ നിന്ന് ഒരു പേപ്പർ കിട്ടി എന്ന് വയ്ക്കുക ..
അത് നന്നായി വായിക്കുക ..
എന്നിട്ടു ലെറ്റർ കംപോസ് ചെയ്യുക :

ഉദാ: SAMPLE…

Dear Dr. Doe,

I am Lakshmi Nivas, a recent veterinary graduate who is looking towards a career in research.

Recently, I came across your article in Poultry Science Journal ‘Weight gain in Broiler Chicken associated with Jack leaf Supplementation’. Your conclusion that feeding Jack leaves led to a net weight gain in Poultry is very exciting. During my Undergraduate degree I had assisted in the University poultry farm for a project on Jack fruit supplementation for Broiler chickens. We concluded that Jackfruit is toxic to Broiler chicken. The findings are reported in the article “Toxic effect of Jackfruit supplementation in Broiler Chicken’ in Journal of Indian Veterinary Association (attached). I am very interested in your research and would like to pursue a PhD degree in the field of poultry nutrition.

I was wondering whether you have an opening for a graduate student in your lab. I have 2 years of experience in assisting with the Jackfruit supplementation project. I did all the PCR work associated with the project and also assisted with sample collection, pathology, and writing. I am attaching my CV with this email, if you would like to see more about my background. I have also added my linkedin link with this mail. My GRE score is 99. My TOEFL Score is Speaking:25/30; Listening: 21/30; Writing : 22/30; and Reading :21/30.

Please let me know what you think. Hope to hear from you soon.

Sincerely,
Lakshmi Nivas
Veterinarian

ഇനി സ്വന്തമായി പേപ്പറോ, ടെക്നിക്കൽ സ്കില്ലോ ഇല്ല എന്ന് വയ്ക്കുക. അപ്പോൾ ഫോർമാറ്റ് ഒന്ന് മാറ്റുക .

Dear Dr. Doe,

I am Kili Lakshmi Nivas, a recent veterinary graduate who is looking towards a career in research.

Recently, I came across your article in Poultry Science Journal ‘Weight gain in Broiler Chicken associated with Jack leaf Supplementation’. Your conclusion that feeding Jack leaves led to a net weight gain in Poultry is very exciting. I am very interested in your research and would like to pursue a PhD degree in the field of poultry nutrition.

I was wondering whether you have an opening for a graduate student in your lab. I see that you are using PCR and Western Blot in your lab, extensively. I am willing to get training in both techniques so that I can be better fit for your lab. I am attaching my CV with this email, if you would like to see more about my background. I have also added my linkedin link with this mail. My GRE score is 99. My TOEFL Score is Speaking:25/30; Listening: 21/30; Writing : 22/30; and Reading :21/30.

Please let me know what you think. Hope to hear from you soon.

Sincerely,
Lakshmi Nivas
Veterinarian

നിങ്ങൾ ഈ ലെറ്റർ ഇത് പോലെയെഴുതണം എന്ന് ഞാൻ പറയില്ല ..ഇത് ഒരു രീതി മാത്രമാണ് . നിങ്ങള്ക്ക് ഒരു ‘ലെറ്റർ റൈറ്റിങ് സഹായി’ എന്ന് കരുതിയാൽ മതി. അമേരിക്കയിൽ മാസ്റ്റേഴ്സ് ഡിഗ്രിയോ പി എച്ച് ഡി യോ കഴിഞ്ഞാൽ വൈൽഡ് ലൈഫ് മേഖലയെ കുറിച്ച് ആലോചിക്കാം .

All the best… സസ്നേഹം ജാക്കിൻ

Leave a comment!

This site uses Akismet to reduce spam. Learn how your comment data is processed.